മലക്കംമറിഞ്ഞ് വി.മുരളീധരന്‍; കുമ്മനം പറഞ്ഞതാണ് ശരി: വി മുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബി.ജെ.പി കോര്‍ കമ്മറ്റി യോഗം

single-img
20 March 2018

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പരിഹസിച്ച വി.മുരളീധരന്‍ നിലപാട് തിരുത്തി. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും, അതുതന്നെയാണ് തന്റെ നിലപാടെന്നും വി.മുരളീധരന്‍ പറഞ്ഞു.

ബി.ഡി.ജെ.എസുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ബി.ഡി.ജെ.എസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിറുത്തുമെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ, കെ.എം മാണിക്കെതിരെ പ്രസ്താവന നടത്തിയ വി. മുരളീധരനെതിരെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂരില്‍ ദോഷം ചെയ്യുമെന്നാണ് പരാതിയിലെ ആഷേപം. കോര്‍ കമ്മറ്റി യോഗത്തിലാണ് ശ്രീധരന്‍പിള്ള കുമ്മനത്തിന് പരാതി നല്‍കിയത്. എതിര്‍പ്പുള്ളവര്‍ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ലെന്നും നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് കുമ്മനം പറഞ്ഞു. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ മുരളീധരന്‍ കലം ഉടയ്ക്കുകയാണെന്ന് എം.ടി രമേശ് പറഞ്ഞു. ഇതോടെയാണ് മുരളീധരന്‍ നിലപാട് തിരുത്തിയത്.

കെ.എം മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹത്തെ എന്‍.ഡി.എയില്‍ എടുക്കില്ലെന്നും കെ. മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാണിയെ കുമ്മനം രാജശേഖരന്‍ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രസ്താവന. എന്നാല്‍ ആരോടും അയിത്തമില്ലെന്നും ആരുടേയും വോട്ട് സ്വീകരിക്കുമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍ കമ്മറ്റി യോഗത്തില്‍ മുരളീധരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.