കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്തത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: ഇനി ജോലിക്ക് വരേണ്ടെന്ന് ചുമട്ടുതൊഴിലാളിയോട് സിപിഎം
കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്ത ചുമട്ടുതൊഴിലാളിയെ ജോലിയില്‍നിന്ന് വിലക്കി സിപിഎം. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് രതീഷ് ചന്ദ്രോത്തിനെയാണ് ജോലിയില്‍ നിന്ന് മാറ്റിയത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് സിപിഎം വിലക്ക്.
സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ഇത് സംബന്ധിച്ച് അസി. ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമായില്ല. സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണു തൊഴിലില്‍ നിന്നു മാറ്റി നിര്‍ത്തുന്നതെന്നു രതീഷ് പറഞ്ഞു.
നിലപാടു തിരുത്തി മാപ്പുപറഞ്ഞാല്‍ വിലക്കു മാറ്റാമെന്നാണു സിഐടിയു നേതാക്കള്‍ പറയുന്നത്. സഹോദരനു തൊഴില്‍വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം കഴിഞ്ഞ ദിവസം സുരേഷ് കീഴാറ്റൂരാണു ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ‘അനിയന് വയല്‍ക്കിളി പ്രവര്ത്തകന്, ചുമട്ടു തൊഴിലാളി–പാര്‍ട്ടിക്കോടതി കല്പ്പിച്ചു ഇനി തൊഴിലെടുക്കേണ്ടെന്ന്’ എന്നായിരുന്നു സുരേഷിന്റെ എഫ്ബി പോസ്റ്റ്.
നേരത്തെ, കീഴാറ്റൂര്‍ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്. സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.
എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.
ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.