അവിശ്വാസപ്രമേയം ചര്‍ച്ചയാക്കാതിരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ‘നാടകം ഏറ്റു’: പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

single-img
6 April 2018

അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കാവേരി ബോര്‍ഡ് രൂപീകരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ അംഗങ്ങളും പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിനെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും നടത്തിയ ബഹളത്തെ തുടര്‍ന്ന് കാര്യമായ നിയമ നിര്‍മ്മാണമൊന്നും നടത്താതെയാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പിരിഞ്ഞത്.

എഐഎഡിഎംകെ അംഗങ്ങള്‍ തുടര്‍ച്ചയായി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തില്ല. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനവും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയതോടെ രണ്ടാം ഘട്ട സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. പിന്നാലെ, കടുത്ത ബഹളത്തിനൊടുവില്‍ രാജ്യസഭയും അനിശ്ചിത കാലത്തേക്കു പിരിയുന്നതായി അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അറിയിച്ചു.

സമ്മേളനം അനിശ്ചിത കാലത്തേക്കു പിരിഞ്ഞതിനു തൊട്ടുപിന്നാലെ എംപിമാര്‍ക്ക് ഉപദേശവുമായി രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യനായിഡുവും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഓരോ ജനപ്രതിനിധികളിലും നിക്ഷിപ്തമായ കടമ നിര്‍വഹിക്കാനുള്ള മനസ്സോടെ വേണം ഓരോ എംപിയും അടുത്ത തവണ പാര്‍ലമെന്റില്‍ എത്താനെന്ന് വെങ്കയ്യ നായിഡു ജനപ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.

ജനക്ഷേമം ലക്ഷ്യമിട്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാണ് പാര്‍ലമെന്റെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു. ഓരോരുത്തര്‍ക്കും അവരുടെതായി പ്രശ്‌നങ്ങളുണ്ടാകാം. എങ്കിലും, രാജ്യത്തിന്റെ മൊത്തം താല്‍പര്യം പരിഗണിച്ചാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഗണനയ്‌ക്കെടുക്കേണ്ടതുണ്ടെന്ന് അംഗങ്ങള്‍ ഓര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമ്മേളനത്തിന്റെ അവസാന രണ്ട് ആഴ്ചകളില്‍ കോണ്‍ഗ്രസ്, സിപിഐഎം തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭയില്‍ 50 അംഗങ്ങളുടെ പിന്തുണ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ സ്പീക്കര്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല.

ഇതിനിടെ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജി വെച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഈ സമ്മേളന കാലത്ത് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ട് വരാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും അവസാന നിമിഷം ആ നീക്കം ഉപേക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ചതെന്നാണ് സൂചന.

ഇതിനിടെ പ്രതിപക്ഷത്തിനെതിരെ, പ്രത്യേകിച്ചും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ രംഗത്തെത്തി. ബിജെപി ജനങ്ങളെ ഒന്നിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍, ജനങ്ങളെ വിഭജിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

നെഗറ്റീവ് രാഷ്ട്രീയം കളിച്ച് രാജ്യത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അവര്‍ പാര്‍ലമെന്റ് സമ്മേളിക്കാന്‍ പോലും സമ്മതിക്കുന്നില്ല. കഴിഞ്ഞ 23 ദിവസങ്ങളായി കോണ്‍ഗ്രസ് തുടര്‍ന്നുവന്ന നിഷേധ സമീപനം തുറന്നുകാണിക്കാന്‍ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.