തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്ന് യെദ്യൂരപ്പ: സഖ്യസര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്ന് സദാനന്ദ ഗൗഡ

single-img
22 May 2018

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേട് നടന്നെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ. വിജയപുര്‍ ജില്ലയില്‍ മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്ന് ആദ്ദേഹം ആരോപിച്ചു.

‘കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമായാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ സംഭവം. തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്,’ യെദ്യൂരപ്പ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആജഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിച്ചത്.

പല മണ്ഡലങ്ങളിലും പണവും കായികബലവും മദ്യവുമൊക്കെയാണ് എതിരാളികളെ നേരിടുന്നതിന് അവര്‍ ഉപയോഗിച്ചത്’. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മൗനസമ്മതം നല്‍കുകയായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്നും യെദ്യൂരപ്പ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ക്രമക്കേട് നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരിച്ചു. വിജയനഗറില്‍ കണ്ടെത്തിയത് യൂണിക് ഇലക്‌ട്രോണിക് ട്രാക്കിങ് നമ്പര്‍ ഇല്ലാത്ത പെട്ടികളാണ്. യഥാര്‍ഥ മെഷിനുകളായി സാമ്യമുള്ള പെട്ടികള്‍ ഗുജറാത്തിലെ ജ്യോതി പ്‌ളാസ്റ്റിക്‌സില്‍ നിര്‍മിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

അതേസമയം കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ താഴെവീഴും. ‘ജെഡിഎസിനും കോണ്‍ഗ്രസിനുമിടയില്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങി.

അവര്‍ പരസ്പരം പോരടിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ താഴെവീഴും. അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും’, സദാനന്ദ ഗൗഡ പറഞ്ഞു.