ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം: ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും നല്‍കും

single-img
23 May 2018

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയുടെ രണ്ടു മക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് നാട്ടില്‍ ജോലി ചെയ്യാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കുട്ടികള്‍ക്ക് നല്‍കുന്ന തുകയില്‍ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നല്‍കുക.

ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകള്‍ക്കായി നല്‍കും. സ്ഥിരനിക്ഷേപമായി നല്‍കുന്ന തുക കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. അതേസമയം നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ സഹായധനം നല്‍കും.

വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്.

പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.