തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന് ഹൈക്കോടതിയുടെ പ്രഹരം: പ്‌ളാന്റ് വിപുലീകരണത്തിന് സ്‌റ്റേ

single-img
23 May 2018

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് തടഞ്ഞത്. കൂടാതെ ആഭ്യന്തരമന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് വിശദീകരണം തേടി.

സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ രണ്ടാം ഘട്ട വിപുലീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നത്. ഇടക്കാല സ്‌റ്റേയാണ് കോടതി അനുവദിച്ചത്. വിപുലീകരണവുമായി മുന്നോട്ടു പോവരുതെന്നാണ് കോടതി നിര്‍ദേശം.

200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണ് തൂത്തുക്കുടിയിലേത്. ഇത് 2400 ടണ്‍ ആക്കാനുള്ള വിപുലീകരണ ശ്രമമാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരക്കാര്‍ ആദ്യം രംഗത്തെത്തിയിരുന്നത്.

ഒപ്പം കമ്പനി അടച്ചു പൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. അതിനാല്‍ തന്നെ ഇടക്കാല കോടതി ഉത്തരവിലൂടെ സമരക്കാരുടെ ആവശ്യം ഭാഗികമായി നിറവേറിയെന്ന് പറയാം. മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്.

പ്‌ളാന്റിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷേഭത്തില്‍ 11പേരാണ് കൊല്ലപ്പെട്ടത്. അക്രമാസക്തരായ ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കെ.പളനിസാമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.