ബംഗളൂരു മെട്രോയിൽ കണ്ടത് ജെസ്‌നയെ?

single-img
26 July 2018

കോട്ടയത്ത് നിന്ന് കാണാതായ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ ബംഗളൂരുവിൽ മെട്രോയിൽ കണ്ടതായി മൊഴി. ബംഗളൂരു സ്വദേശിയായ ആളാണ് പൊലീസിന് ഈ വിവരം നൽകിയത്. ഇതേതുടർന്ന് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി.

ഇക്കഴിഞ്ഞ ശനിയാഴ്ച സന്ധ്യയ്ക്ക്,​ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടി മെട്രോയിൽ നിന്നിറങ്ങി വരുന്നത് കണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ബംഗളൂരു പൊലീസ് വിവരം മംഗലാപുരത്തുണ്ടായിരുന്ന കേരള പൊലീസ് സംഘത്തിന് കൈമാറി. മെട്രോയിലെ സി.സി.ടി.വി ദൃശ്യത്തിൽ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി.

ചുരിദാറും കണ്ണടയും ധരിച്ചിട്ടുണ്ട്. മെട്രോയ്ക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. ഇതിന്റെ പരിശോധന പൂർത്തിയായാൽ മാത്രമെ ട്രെയിനിൽ കണ്ടത് ജെസ്‌നയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. മാത്രമല്ല. ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണോയെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കേണ്ടതുമുണ്ട്.