ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ തുടങ്ങി; മൂന്നാംനമ്പര്‍ ഷട്ടര്‍ ഉയര്‍ത്തി

single-img
9 August 2018

കാത്തിരിപ്പുകള്‍ക്കൊടുവില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ചിത്രം:ജയന്‍ മൂന്നാര്‍

അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നത്. മന്ത്രി എം എം മണി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇടുക്കി ഡാമിലെത്തിരിയിരുന്നു. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി.

ചിത്രം:Mobin Mavelil Anakkara

ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.