അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

single-img
11 August 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയും ഉരുള്‍പൊട്ടലും കൂടുതല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നതിനേത്തുടര്‍ന്ന് എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വയനാട് ജില്ലയില്‍ ഈ മാസം 14 വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം തന്നെ പൂര്‍ണമായും ഭാഗീകമായും തടസപ്പെട്ട നിലയിലാണ്.

ഇടുക്കിയില്‍ 13ാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് 13ാം തീയതി വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ശനിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളെല്ലാം മഴ കെടുതിയിലാണ്.