വിഖ്യാത സാഹിത്യകാരന്‍ വി.എസ് നെയ്പാള്‍ അന്തരിച്ചു

single-img
12 August 2018

ലണ്ടന്‍: ലോകസാഹിത്യ ചക്രവാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി.എസ്.നെയ്പാള്‍(85) അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലാണ് നെയ്പാളിന്റെ ജനനം. ട്രിനിഡാഡിലായിരുന്നു ജനനമെങ്കിലും ജീവിതത്തിന്റെ ഏറിയഭാഗവും അദ്ദേഹം ചിലവഴിച്ചത് ഇംഗ്ലണ്ടിലായിരുന്നു.

വിദ്യാധര്‍ സൂരജ്പ്രസാദ് നെയ്പാള്‍ എന്നാണ് പൂര്‍ണനാമം. പതിനെട്ടാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം നയ്പാള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. 1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു.

ദ എനിമ ഓഫ് അറൈവല്‍, മിഗേല്‍ സ്ട്രീറ്റ്, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്, ദ മിമിക് മെന്‍, എ ബെന്‍ഡ് ഇന്‍ ദ റിവര്‍ തുടങ്ങിയവയാണ് കഥാവിഭാഗത്തിലുള്ള പ്രധാന രചനകള്‍. ദ മിഡില്‍ പാസേജ്: ഇംപ്രഷന്‍ ഓഫ് ഫൈവ് സൊസൈറ്റീസ് ബ്രിട്ടീഷ്, ഫ്രഞ്ച് ആന്‍ഡ് ഡച്ച് ഇന്‍ ദ വെസ്റ്റ് ഇന്‍ഡീസ് ആന്‍ഡ് സൗത്ത് അമേരിക്ക, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നെസ്, ദ ലോസ് ഓഫ് എല്‍ ഡൊറാഡോ തുടങ്ങിയവയാണ് കഥേതര വിഭാഗത്തിലെ പ്രധാന രചനകള്‍. 1971 ല്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.