ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ കേജ്‌രിവാളിനെ പ്രതിയാക്കി ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം

single-img
13 August 2018

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കുറ്റപത്രം. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപെടുത്തല്‍, മനപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കെജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയപ്പോള്‍ അര്‍ധരാത്രി ചീഫ് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായെന്നാണു പരാതി. കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു തനിക്കു മര്‍ദനമേറ്റതെന്നു അന്‍ഷു പ്രകാശ് നേരത്തേ പരാതി ഉന്നയിച്ചിരുന്നു.

സംഭവം നടന്ന ദിവസം സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പരസ്യങ്ങള്‍ വൈകിപ്പിച്ചതില്‍ ഡല്‍ഹി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ എംഎല്‍എമാരുമായി വാക്കു തര്‍ക്കവുമുണ്ടായി. തുടര്‍ന്ന് അമാനത്തുല്ല ഖാന്‍, പ്രകാശ് ജാര്‍വാള്‍ എന്നിവര്‍ തന്നെ അക്രമിക്കുകയായിരുന്നെന്നാണ് അന്‍ഷു പ്രകാശ് പൊലീസിനോടു പറഞ്ഞത്.

അമാനത്തുല്ല ഖാനെയും പ്രകാശ് ജാര്‍വാളിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ മുന്‍ ഉപദേശകന്‍ വി.കെ. ജെയ്‌നിനെയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ പരാതി ഡല്‍ഹി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. യോഗത്തിനു ശേഷം ഉദ്യോഗസ്ഥര്‍ സുരക്ഷിതരായി പുറത്തുപോകുന്നതിന്റെ സിസിടിവി വിഡിയോയും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

ഈ സംഭവത്തോടെ ഡല്‍ഹിയില്‍ സര്‍ക്കാരുമായി നിസഹകരണ സമീപനമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസില്‍ കേജ്‌രിവാള്‍ പ്രതിഷേധം നടത്തിയപ്പോഴാണ് ഇതു പരിഹരിക്കപ്പെട്ടത്.