‘സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളിലും വകുപ്പുകളിലും ബിജെപി നുഴഞ്ഞുകയറ്റം’

single-img
26 August 2018

രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തന്ത്രപ്രധാന വകുപ്പുകളിലും സ്ഥാപനങ്ങളിലും ബി.ജെ.പി നുഴഞ്ഞുകയറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിനാല്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. വിദ്വേഷം പരത്തുകയും ആളുകളെയും സംസ്‌കാരത്തെയും വിഭജിക്കുകയും ഭരണഘടനയിലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും കടന്നുകയറുകയാണ് ബി.ജെ.പി ചെയ്യുന്നത്.

ഇതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒരുമിക്കുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. അഹിംസയാണ് അതിന്റെ മാര്‍ഗം. താനും ഹിംസയുടെ ഇരകളിലൊരാളാണ്. അതിനാല്‍, ഒരു തരത്തിലുമുള്ള ഹിംസ അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അതിരൂക്ഷമായ തൊഴിലില്ലായ്മ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ നമുക്കു പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍, ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ല. ചൈനയില്‍ ദിനം പ്രതി 50,000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ അത് 450 മാത്രമാണെന്നും രാഹുല്‍ ഗാന്ധി മുഖാമുഖത്തില്‍ ചൂണ്ടിക്കാട്ടി.