ദുബായിൽ റോഡിലൂടെ പോകുന്നവർക്ക് ആയിരം ദിർഹം വീതം വിതരണം ചെയ്ത് അറബ് യുവാക്കൾ

single-img
17 September 2018

റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം. വീഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.

പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേരാണ് പണം വിതരണം ചെയ്യുന്നത്. ചിലരൊക്കെ എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ട് നോക്കുന്നുമുണ്ട്. എന്തിനാണ് പണമെന്ന് ചോദിക്കുന്ന ഒരു യുവാവിനോട് ശൈഖ് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ സമ്മാനം എന്നാണ് യുവാക്കള്‍ പറയുന്നത്.

വീഡിയോയില്‍ കാണുന്ന സ്ഥലം ജുമൈറ ബീച്ച് റെസിഡന്‍സ് പരിസരമാണെന്നാണ് കരുതുന്നത്. എന്നാല്‍ പണം വിതരണം ചെയ്യുന്നത് ആരാണെന്നോ എന്തിനാണെന്നോ എന്നതിനെ സംബന്ധിച്ച് വിവരമൊന്നുമില്ല. ഇന്ത്യക്കാരും ഫിലിപ്പൈനികളുമൊക്കെ പണം വാങ്ങുന്നതായും വീഡിയോയില്‍ കാണാം.