സൗദിയിലെ പുതിയ നിയമം: മലയാളികളുടെ പല വാട്‌സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി

single-img
18 September 2018

സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ കഴിഞ്ഞ ദിവസമാണ് സൗദി ഭരണകൂടം പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ലഭിക്കുന്ന ശിക്ഷ അഞ്ചു വര്‍ഷം വരെ തടവും ആറു കോടിയോളം രൂപ പിഴയുമാണ്.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ സൗദിയില്‍ മലയാളികളുടെ പല വാട്‌സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി. നാട്ടില്‍ നിന്ന് വാട്‌സാപ് ഗ്രൂപ്പുകളിലേക്കു വരുന്ന, സൗദി നിയമപ്രകാരം അനുവദിക്കാത്ത ട്രോളുകളും സന്ദേശങ്ങളും സൗദിയിലുള്ളവര്‍ ഫോര്‍വേഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരും എന്നതിനാലാണ് ഗ്രൂപ്പുകള്‍ പലരും ഡിലീറ്റ് ചെയ്യാന്‍ കാരണം.

ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുക തുടങ്ങി കര്‍ശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും ഇവിടെ ശിക്ഷാര്‍ഹമാണ്.