സ്വപ്നം സഫലം: കണ്ണൂരില്‍ വലിയ യാത്രാ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു

single-img
20 September 2018

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് വിജയകരമായി പറന്നിറങ്ങിയത്. മൂന്ന് തവണ വീതം റണ്‍വേയുടെ ഇരുവശങ്ങളില്‍ നിന്നും വിമാനം താഴ്ന്ന് പറന്ന് പരിശോധന നടത്തി.

ഇത് ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം ഇറങ്ങിയത്. ഇന്ന് രാവിലെ 9.57ഓടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 10.25ഓടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നു.

ആറാമത്തെ തവണ റണ്‍വേയിലിറങ്ങി. ഇതോടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയായി. റണ്‍വേയില്‍ നിന്ന് ഏപ്രണിലേക്ക് പ്രവേശിച്ച വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ഇന്ന് നടക്കുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുക.

ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടന തിയ്യതി തീരുമാനിക്കും. നവംബറില്‍ വിമാന സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും. വിദേശ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.