ബന്ധുനിയമനം നിയമാനുസൃതം; ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും മന്ത്രി കെ.ടി ജലീല്‍

single-img
4 November 2018

മാനദണ്ഡം ലംഘിച്ചാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ ടി ജലീല്‍. യോഗ്യരായവരെ കിട്ടാത്തതിനാല്‍ നിയമപരമായാണ് ജനറല്‍ മാനേജറെ നേരിട്ടു നിയമിച്ചത്.

അപേക്ഷ ക്ഷണിച്ചു പരസ്യം നല്‍കി. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്. മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. യോഗ്യതയില്‍ ഇളവ് വരുത്തിയന്ന ആരോപണം തെറ്റാണ്.
അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല.

കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്. ബി.ടെക് യോഗ്യതയുള്ള ആളുകള്‍ ബാങ്കിങ് മേഖലയില്‍ സാധാരണമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് പോലും ബി.ടെക് യോഗ്യതയാണ് ഉള്ളത്. കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കാനാണ് യോഗ്യതയില്‍ മാറ്റം വരുത്തിയത്.

കോര്‍പ്പറേഷനുകളില്‍ ഓഡിറ്റുകള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. കമ്പ്യൂട്ടര്‍വത്കരിക്കാനും കഴിഞ്ഞിട്ടില്ല. നോണ്‍ബാങ്കിങ് ലൈസന്‍സ് ആര്‍.ബി.ഐയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പരിചയ സമ്പന്നനായ ഒരാളെ നിയമിക്കണം എന്നുണ്ടായിരുന്നു. ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരനാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കാണ്. കെ.എസ്.എസ്.ആറിലെ 9 ബി വകുപ്പ് പ്രകാരം സര്‍ക്കാരിന് താല്‍പര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു.

ബാങ്കില്‍ ലഭിക്കുന്ന പല അലവന്‍സുകളും ഡെപ്യൂട്ടേഷനില്‍ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാര്‍ ഈ പോസ്റ്റില്‍ ഡെപ്യൂട്ടേഷനില്‍ വരാന്‍ തയ്യാറാവാത്തത്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം കോര്‍പ്പറേഷന്‍ നടത്തുകയാണ്. കഴിഞ്ഞ ഭരണകാലത്ത് പല ലോണുകളും മുസ്ലീം ലീഗിന്റെ ബിനാമിമാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്.

ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധം ഉണ്ട് എന്ന കാരണത്താല്‍ അവസരം നിഷേധിക്കുന്നതും തെറ്റാണ്. ഈ നിയമനത്തില്‍ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. മറച്ചുവെക്കാനും ഒന്നുമില്ല. നിയമനത്തിന്റെ ഒരു ഘട്ടത്തിലും താന്‍ നേരിട്ട് ഇടപെട്ടിട്ടില്ല. കമ്പനി സെക്രട്ടറിയും കോര്‍പ്പറേഷന്‍ വിട്ട് പോയ ഘട്ടത്തിലാണ് വാര്‍ത്ത നല്‍കി രണ്ട് പേരെ നിയമിച്ചതെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.