നിലയ്ക്കലില്‍ ശശികലയെ തടഞ്ഞു; തന്ത്രിയെ കാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്; സന്നിധാനത്ത് മൊബൈല്‍ ജാമര്‍; യുദ്ധസമാന സന്നാഹങ്ങളുമായി പൊലീസ്: തിരുവനന്തപുരത്തും കൊല്ലത്തും പ്രതിഷേധം

single-img
5 November 2018

ചിത്തിര ആട്ടവിശേഷത്തിനു ഇന്നു വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ ശബരിമലയിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഭക്തര്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശബരിമലയിലും പരിസരപ്രദേശത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പതിനൊന്നുമണിയോടെയാണ് നിലയ്ക്കലില്‍നിന്ന് ഭക്തരെയും കൊണ്ടുള്ള ആദ്യ ബസ് പമ്പയിലേക്കു പുറപ്പെട്ടത്.

നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ പോലീസ് തടഞ്ഞു. പമ്പയിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് ഇവരെ പോലീസ് തടഞ്ഞത്. ശബരിമലയില്‍ യുവതി പ്രവേശനത്തിന് രഹസ്യ നീക്കമുണ്ടെന്ന് ശശികല ആരോപിച്ചു. എരുമേലിയിലും നിലയ്ക്കലിലും എന്തു പ്രശ്‌നമുണ്ടായിട്ടാണ് തീര്‍ഥാടകരെ പോലീസ് തടയുന്നതെന്നും ശശികല ചോദിച്ചു.

അതിനിടെ മാധ്യമങ്ങളെ കാണുന്നതിന് ക്ഷേത്ര തന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തി. തന്ത്രിയുടെ മുറിയില്‍ അദ്ദേഹത്തെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് മാധ്യമങ്ങളും ഈ നിയമം പാലിക്കണമെന്നാണ് പൊലീസിന്റെ നിലപാട്.

ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളെയും മറ്റ് സൗകര്യങ്ങളെയും കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. സന്നിധാനത്ത് മൊബൈല്‍ ജാമറുകളും എത്തിച്ചിട്ടുണ്ട്. സോപാനത്തിലും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലുമാണ് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാനാണ് ജാമറുകള്‍ എത്തിച്ചിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സന്നിധാനത്ത് വന്‍ പൊലീസ് സന്നാഹമാണ് അണിനിരത്തിയിരിക്കുന്നത്. 20 കമാന്‍ഡോകളടക്കം 2,300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം ശബരിമല തീര്‍ഥാടകരെ പൊലീസ് തടഞ്ഞതില്‍ തിരുവനന്തപുരത്തും കൊല്ലത്തും പ്രതിഷേധം. ഇരുസ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. പമ്പയിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി അനുവദിച്ചില്ലെന്ന് ആരോപിച്ചാണു പ്രതിഷേധം.