തിരുവനന്തപുരത്ത്‌ റോഡിലെ തർക്കത്തെത്തുടർന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു

single-img
6 November 2018

തിരുവനന്തപുരം: റോഡിലെ തർക്കത്തെത്തുടർന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. രാത്രി പതിനൊന്ന് മണിയോടെ വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം.

കൊടങ്ങാവിള കമുകിൻകോടിലെ ഒരു വീട്ടിൽ എത്തിയതായിരുന്നു നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ബി.ഹരികുമാർ. ആ വീട്ടിൽനിന്നുമിറങ്ങി കാർ എടുക്കാനായെത്തിയപ്പോൾ വാഹനം കടന്നുപോകാനാകാത്ത നിലയിൽ മറ്റൊരു കാർ പാർക്കുചെയ്തിരുന്നു. സ്വകാര്യവാഹനത്തിൽ യൂണിഫോമിലല്ലാതെ കണ്ട ഡിവൈ.എസ്.പി.യെ സനലിനു തിരിച്ചറിയാനായില്ല. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി. സനലിനെ പിടിച്ചുതള്ളി.

റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിേര വന്ന കാർ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പോലീസും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. സനൽ ഇലക്ട്രീഷനാണ്.

അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ ഡിവൈ.എസ്.പി.യെ കൈയേറ്റം ചെയ്തു. എന്നാൽ, ഡിവൈ.എസ്.പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. ഡിവൈ.എസ്.പി.യുടെ കാറും അവിടെനിന്നു മാറ്റി. അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും ഇയാള്‍ മരിച്ചിരുന്നു.