മുല്ലപ്പള്ളിയെ തള്ളി സര്‍ക്കാര്‍ വിളിച്ച ശബരിമല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനം; തന്ത്രി കുടുംബവും പന്തളംകൊട്ടാരവും ചര്‍ച്ചയ്‌ക്കെത്തും; എന്‍ഡിഎ തീരുമാനിക്കുമെന്ന് ശ്രീധരന്‍ പിള്ള

single-img
14 November 2018

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫില്‍ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകള്‍ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു.

സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെടാനാണു യുഡിഎഫിന്റെ തീരുമാനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയും തമ്മില്‍ വിഷയം ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും അറിയിച്ചു.

മണ്ഡല കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്നു ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരം അധികൃതര്‍ അറിയിച്ചു. കണ്ഠരര് രാജീവരര്, മോഹനരര്, മഹേഷ് മോഹനരര് എന്നിവര്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ അറിയിച്ചു. അതിനിടെ, സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.

വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ യോഗം വിളിക്കാതെ മുഖ്യമന്ത്രി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ഇത്രയും കലുഷിതമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.