ഇന്നലെ നടന്നത് ആര്‍.എസ്.എസ് അക്രമം; അറസ്റ്റിലായത് ഭക്തരല്ലെന്ന് മുഖ്യമന്ത്രി: പോലീസ് നടപടി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചെന്നിത്തല

single-img
19 November 2018

ശബരിമലയില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ ഭക്തരല്ലെന്നും ഇവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ ചിലര്‍ ചില അജണ്ടകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം. ഇന്നലെ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ തീരുമാനിച്ച് നേരത്തെതന്നെ ആര്‍എസ്എസ് സംഘം അവിടെ എത്തിയിരുന്നു. അവര്‍ അയ്യപ്പ ഭക്തരായിരുന്നില്ല.

സന്നിധാനം സംഘര്‍ഷഭരിതമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചിത്തിര ആട്ടവിശേഷത്തിന്റെ കാലത്തും അതിനു മുന്‍പും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ഇവര്‍ത്തന്നെയാണ്. കുഴപ്പം കാണിക്കാന്‍ വരുന്ന അത്തരക്കാരെ അതിന് അനുവദിക്കാന്‍ കഴിയില്ല.

അത്തരക്കാരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് പിടിവാശികളൊന്നുമില്ല. നീതിപീഠം പുറപ്പെടുവിച്ച വിധി അനുസരിക്കുക എന്നല്ലാത്തെ മറ്റൊരു താല്‍പര്യവും സര്‍ക്കാരിനില്ല. ഓരോ കാലത്തും കോടതി വിധികള്‍ അനുസരിച്ചാണ് ഇതുവരെ കാര്യങ്ങള്‍ നീക്കിയിട്ടുള്ളത്. ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് പുരുഷനെപ്പോലെതന്നെ ആരാധനാ സ്വാതന്ത്ര്യം ഉണ്ട് എന്ന സുപ്രീം കോടതിയുടെ നിലപാട് മാത്രമേ സര്‍ക്കാരിന് സ്വീകരിക്കാനാകൂ. സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയിലെ പൊലിസ് നടപടി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സംസ്ഥാന നേതൃയോഗത്തിന് മുമ്പ് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപമുണ്ടാക്കാന്‍ വരുന്നവരെ നേരിടാന്‍ കഴിയാത്ത പൊലിസ് ഇപ്പോള്‍ സമാധാനം ആഗ്രഹിച്ച് ദര്‍ശനത്തിന് വരുന്ന അയ്യപ്പ ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത് കിരാത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാര്‍ക്കും ആര്‍.എസ്.എസിനും അഴിഞ്ഞാടാന്‍ അവസരം നല്‍കിയ ആളുകള്‍ ഇപ്പോള്‍ സാധാരണക്കാരെ അറസ്റ്റ് ചെയ്യുകയാണ്. ഈ നടപടി പിന്‍വലിച്ച് അറസ്റ്റ് ചെയ്തുകൊണ്ട് പോയവര്‍ക്ക് ഉടനടി ജാമ്യം നല്‍കി വിട്ടയക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.