ഒടുവില്‍ മോദി സര്‍ക്കാര്‍ കുറ്റസമ്മതം നടത്തി; നോട്ടു നിരോധനം നാലു പേരുടെ ജീവനെടുത്തു

single-img
19 December 2018

2016ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യസഭയില്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ കാരണങ്ങളാല്‍ നാല് പേര്‍ മരിച്ചു.

മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 44 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇത് ആദ്യമായാണ് നോട്ടു നിരോധനം ആളുകളുടെ ജീവഹാനിയിലേക്ക് നയിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്.

നോട്ടു നിരോധന സമയത്ത് പണം മാറ്റിയെടുക്കാനായി വരിയില്‍ നിന്നും മാനസികാഘാതത്താലും ജോലി സമ്മര്‍ദ്ദത്താലും ബാങ്ക് ജോലിക്കാര്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നായിരുന്നു എളമരം കരീമിന്റെ ചോദ്യം. എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകളിലൊന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടില്ലെന്നും ജയ്റ്റിലി കൂട്ടിച്ചേര്‍ത്തു.