കെഎം ഷാജി അയോഗ്യന്‍ തന്നെ; വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി

single-img
20 December 2018

കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് വീണ്ടും അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ തന്നെ ആറു വര്‍ഷത്തേക്ക് ആണ് അയോഗ്യത.

അതേസമയം ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്‌ഐക്കെതിരെ കെഎം ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്‍പിക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്‌ഐയുടെ മൊഴി. എന്നാല്‍ പിറ്റേന്ന് സിപിഎം പ്രവര്‍ത്തകന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുനല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹര്‍ജി.

നേരത്തെ, ലഘുലേഖകളിലൂടെ മതവികാരം ഉണര്‍ത്തിയും എതിര്‍സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയും ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയും ഹര്‍ജിക്കാരനുമായ സി.പി.എമ്മിലെ എം.വി. നികേഷ്‌കുമാറിന്റെ ആവശ്യം തള്ളിയ കോടതി ഹര്‍ജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഷാജി നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന്, അപ്പീല്‍ നല്‍കാന്‍ സമയം നല്‍കുന്നതിന്റെ ഭാഗമായി ഉത്തരവ് നടപ്പാക്കുന്നത് ഇതേ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടയുകയും ചെയ്തു. മതസ്പര്‍ധ അഴിച്ചുവിടുന്ന പ്രചാരണം നടത്തിയാണ് കെ.എം. ഷാജി 2016ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകള്‍ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്‌തെന്നുമായിരുന്നു നികേഷ്‌കുമാര്‍ വാദിച്ചത്.

‘ദൈവത്തിനടുക്കല്‍ അമുസ്ലിമിന് സ്ഥാനമില്ലെന്നും മുസ്ലിമായ തന്നെ വോട്ട് നല്‍കി അനുഗ്രഹിക്കണമെന്നും’ പറയുന്ന ലഘുലേഖയാണ് ഷാജിക്കു വേണ്ടി മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനുപുറമെ നികേഷിനെ അപമാനിക്കുന്ന ആരോപണങ്ങളടങ്ങുന്ന ലഘുലേഖകളും മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു.

ഇത്തരം നടപടികള്‍ സ്ഥാനാര്‍ഥിയുടെയോ തെരഞ്ഞെടുപ്പ് ഏജന്റിന്റെയോ അറിവോടെ തന്നെയാണെന്ന് വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തി.

തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്താല്‍ സമുദായഭ്രഷ്ട് അടക്കമുള്ള നടപടികളുണ്ടാകുമെന്ന തരത്തിലെ ഭീഷണിയോ നിര്‍ബന്ധപൂര്‍വമുള്ള പ്രേരണകളോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന്റെ ഇതുസംബന്ധിച്ച ആരോപണം തള്ളിയിരുന്നു.