കോഴിക്കോട്ടേക്കുള്ള വിമാനം റദ്ദാക്കി; അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി

single-img
21 December 2018

അബുദാബി കോഴിക്കോട് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് 180 ലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ യുഎഇ സമയം 12:20 ന് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്റെ IX 348 വിമാനമാണ് യാത്രപുറപ്പെടുന്നതിന് തൊട്ടുമുമ്പ് റദ്ദാക്കിയത്.

സാങ്കേതിക തകരാറാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ബോര്‍ഡിങ് പാസ് ലഭിച്ച യാത്രക്കാര്‍ എമിഗ്രേഷന്‍ നടപടികള്‍ കൂടി പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാന്‍ കാത്തുനില്‍ക്കവെയാണ് വിമാനം റദ്ദാക്കി എന്ന അറിയിപ്പുണ്ടായത്.

മരണചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിച്ചവര്‍ മുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവരിലുണ്ട്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറായിട്ടില്ല.

അതിനിടെ, ദുബൈയില്‍ നിന്നുള്ള ഫ്‌ളൈ ദുബൈ വിമാനക്കമ്പനി കോഴിക്കോട്ടേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ ഇന്ത്യന്‍ പ്രവാസികളുടെ പ്രിയഭൂമിയായ കോഴിക്കോട്ടേക്ക് പറക്കുക.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയില്‍ വന്നിറങ്ങും.