രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മോദിസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍

single-img
21 December 2018

രാജ്യത്തെ ഏത് കംപ്യൂട്ടറുകളിലും കയറി പരിശോധന നടത്താന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നല്‍കിയത്. ഇതുവഴി രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകള്‍ വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും സാധിക്കും.

രഹസ്യാന്വേഷണ ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, വടക്കു–കിഴക്കന്‍ മേഖല, അസം), ഡല്‍ഹി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കാണ് ഈ അധികാരം നല്‍കിയത്.

ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജന്‍സികള്‍ക്കു നല്‍കുന്നത്. മുന്‍പ് മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ഡേറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ശേഖരിച്ചുവച്ചതും നിര്‍മിച്ചതുമായ ഏതു വിവരവും ഈ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇതോടെ, ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം. രഹസ്യാന്വേഷണ വിഭാഗത്തിനു ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നല്‍കിയിട്ടില്ലായിരുന്നു.

അവര്‍ സംസ്ഥാന പൊലീസ് സേനയുമായി ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതില്‍ മാറ്റം വന്നുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ ഏഴുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കും. ഐടി ആക്ട് 2000ന്റെ കീഴില്‍ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജന്‍സികള്‍ക്കു വിപുലമായ അധികാരം നല്‍കിയത്.

അതേസമയം കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെന തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.