സൗദിയിൽ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും

single-img
21 December 2018

സൗദിയിൽ പഴം-പച്ചക്കറി മേഖലയിലും നിതാഖാത് (സ്വദേശിവത്കരണം) നടപ്പാക്കാൻ നിയമം വരുന്നു.  രാജ്യത്തെ പഴം-പച്ചക്കറി മേഖലയിലെ മൊത്ത, ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെല്ലാം പുതിയ നിയമം ബാധകമാകും. ഇതോടെ അടുത്ത വർഷമാദ്യത്തോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളികളടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും.

ജനുവരി ഏഴുമുതൽ നിയമം പ്രാബല്യത്തിൽ വരുത്താനാണ് തൊഴിൽമന്ത്രാലയം ഒരുങ്ങുന്നത്. ജിദ്ദ നഗരത്തിൽ താത്കാലികമായി തുടങ്ങിയ നിതാഖാത് വിജയകരമായ പശ്ചാത്തലത്തിലാണ് രാജ്യമെങ്ങും ഈ നിയമം കർശനമാക്കാൻ ശ്രമം തുടങ്ങിയത്.

കച്ചവടസ്ഥാപനങ്ങൾക്കുപുറമേ വിവിധ കമ്പനികൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെയും പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങളിൽ നിതാഖാത് ശക്തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ചില്ലറവ്യാപാര മേഖലയിൽകൂടി നിതാഖാത് ശക്തമാകുന്നതോടെ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നേരത്തെ,  മദീന പ്രവിശ്യയില്‍ വിദേശികള്‍ തൊഴിലെടുക്കുന്ന 41 തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനച്ചിരുന്നു . നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.