‘യുവതീ പ്രവേശനത്തില്‍ ഇടപെടില്ല’: സര്‍ക്കാരിനെ തള്ളി നിരീക്ഷക സമിതി: പോലീസ് ത്രിശങ്കുവില്‍

single-img
23 December 2018

മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസുമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. യുവതി പ്രവേശന വിഷയത്തില്‍ ഇടപെടാന്‍ സമിതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകള്‍ അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുക മാത്രമാണ് സമിതിയുടെ ചുമതലയെന്നും നിരീക്ഷക സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം ഹൈക്കോടതി നിരീക്ഷണസമിതിക്കെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം തള്ളിയാണ് നിരീക്ഷക സമിതി രംഗത്തെത്തിയിരിക്കുന്നത്. മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തുകയും പമ്പയില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷക സമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസിന് നേരിടേണ്ടി വരുന്നത് കനത്ത വെല്ലുവിളി. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെടേണ്ടി വരും. പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്ന മേഖലകളിലേറെയും കൊക്കകളും ഗര്‍ത്തങ്ങളുമാണ്.

എന്നാല്‍ ഇതിനുമുമ്പ് സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും, അന്ന് ഭക്തരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് പൊലീസിന് നേരിടേണ്ടി വന്നത്. അയയാതെ നില്‍ക്കുന്ന പ്രതിഷേധക്കാരും മനിതി കൂട്ടായ്മയും പൊലീസിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവര്‍ പിരിഞ്ഞുപോകണമെന്ന് മെഗാഫോണില്‍ കൂടി ആവര്‍ത്തിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പമ്പയില്‍ നിലനില്‍ക്കുന്നതിനാല്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും പോലീസ് ആവശ്യപ്പെടുന്നു.

അതേസമയം പോലീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രതിഷേധം തുടരുകയാണ്.ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി സംഘം പോലീസിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധ സ്ഥലത്ത് പോലീസുകാരുടെ എണ്ണം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയുമാണ്. ഇരുപക്ഷത്തിന്റെയും സുരക്ഷ പ്രശ്‌നമാണെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. അതേസമയം ആചാര ലംഘനമുണ്ടായാല്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.