പൊലീസ് സുരക്ഷയില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് യുവതി; ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ

single-img
9 January 2019

ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദലിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ 36കാരി മഞ്ജുവാണ് വേഷം മാറി ഇന്നലെ രാവിലെ സന്നിധാനത്തെത്തിയത്. തിരുമുറ്റത്ത് എത്തിയതിന്റെയടക്കം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

പൊലീസ് സുരക്ഷയില്ലാതെയാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയതെന്നാണ് മഞ്ജുവിന്റെ അവകാശവാദം. ദർശനത്തിന് വരിനിൽക്കുന്ന ഫ്ലൈ ഓവറിൽ നിൽക്കുന്നതിന്റെയും  മാളികപ്പുറത്ത് പ്രവേശിച്ചതിന്റെയും ദൃശ്യങ്ങൾ തെളിവായി പുറത്ത് വിടുകയും ചെയ്തു. ചിത്രത്തിൽ പ്രായമായ സ്ത്രീയെപ്പോലെ വേഷം മാറിയിട്ടുണ്ട്. തല നരപ്പിച്ചിട്ടുണ്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ഇതു പുറത്തു വിട്ടത്.

എന്നാല്‍ പോലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിഷേധം ഭയന്നാവാം വേഷംമാറി എത്തിയതെന്ന് കരുതുന്നു. ചിത്തരആട്ട വിശേഷത്തിന് മല കയറാനെത്തിയ ഇവര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. പോലീസാണ് അവരെ തിരിച്ചയച്ചത്. ഇവര്‍ക്കെതിരെ കേസുകളുണ്ടെന്നും സൂചനയുണ്ട്. വീണ്ടും ദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞാണ് അവര്‍ അന്ന് മടങ്ങിയത്.

പൊതു പണിമുടക്ക് ദിവസം തിരക്ക് കുറവുള്ള അവസരം കണക്കിലെടുത്താണ് ഇവര്‍ വേഷം മാറി എത്തിയത്. പമ്പമുതല്‍ സന്നിധാനം വരെ അറുപതോളം പ്രവര്‍ത്തകരെ സംഘപരിവാര്‍ നിര്‍ത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വേഷം മാറി എത്തിയതിനാല്‍ കാര്യമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയെന്നാണ് മഞ്ജു അവകാശപ്പെടുന്നത്. രണ്ട് മണിക്കൂറോളം സന്നിധാനത്ത് തങ്ങിയശേഷമാണ് മലയിറങ്ങിയതെന്നും മഞ്ജു പറയുന്നു.

https://m.facebook.com/navothana.keralam/