പ്രവാസി മലയാളികള്‍ക്കു തിരിച്ചടി; കുവൈത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തുന്നു

single-img
18 January 2019

സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയ്ക്ക് ബദല്‍ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.

സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎല്‍ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങില്‍ മുകളിലെത്താന്‍ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിര്‍ദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന. ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കം.

തൊഴില്‍ വിപണി പരിഷ്‌കരണത്തിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശി വല്‍ക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേര്‍ന്ന് പോകുന്ന തരത്തിലായിരിക്കും സ്‌പോണ്‍സര്‍ഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട്. കഫീല്‍ സമ്പ്രദായം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുന്നതാണെന്നുമായിരുന്നു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍

സ്‌പോണ്‍സര്‍ഷിപ് സംവിധാനം റദ്ദാക്കിയാല്‍ വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി എളുപ്പമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പൊതുമേഖലയിലെ മുഴുവന്‍ വിദേശികളെയും അഞ്ച് വര്‍ഷത്തിനകം പിരിച്ചുവിടണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റേത്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ് സംവിധാനം പല തരത്തിലാണ്.

തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ വരെ നിഷേധിക്കുന്ന സംവിധാനമായാണ് സ്‌പോണ്‍സര്‍ഷിപ് രീതിയെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നത്. തൊഴില്‍ മാറ്റം, സ്വതന്ത്രമായ സഞ്ചാരം എന്നിവ പലപ്പോഴും നിഷേധിക്കപ്പെടുന്നു. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചും അവരെ ദ്രോഹിക്കുന്ന രീതിയും സ്‌പോണ്‍സര്‍ഷിപ് സംവിധാനത്തിന്റെ ഭാഗമായുണ്ടെന്നാണ് സംഘടനകളുടെ ആരോപണം.