യുഎഇയില്‍ 20,000 കോടി രൂപ തട്ടിച്ചതില്‍ 116 മലയാളികളും; പരാതിയുമായി ബാങ്ക് അധികൃതര്‍ കൊച്ചിയില്‍

single-img
18 January 2019

യുഎഇയിലെ പല ബാങ്കുകളില്‍ നിന്നായി 20,000 കോടി രൂപ വായ്പയെടുത്ത്് ഇന്ത്യക്കാര്‍ മുങ്ങിയതായി പരാതി. ഇതില്‍ 30 ശതമാനം തട്ടിപ്പും നടത്തിയത് മലയാളികളാണെന്നും ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ മാസ്റ്റര്‍ ഫെസിലിറ്റി സംവിധാനത്തില്‍ ഓവര്‍ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്‌കൗണ്ടിങ്, ലെറ്റര്‍ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു വായ്പ സംഘടിപ്പിച്ചത്. ഈ തുകയില്‍ നല്ലൊരു പങ്ക് കുഴല്‍പണമായി ഇന്ത്യയില്‍ എത്തിച്ചു എന്നാണ് കണക്കാക്കുന്നത്.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്ന ആസ്തിയുടെ 30 ശതമാനം വരെ വായ്പയായി തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഒരേ ഓഡിറ്റ് റിപ്പോര്‍ട്ട് ഉപയോഗിച്ച് ചിലര്‍ പത്തു ബാങ്കുകളില്‍നിന്നുവരെ വായ്പ നേടി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 100 കോടിയുടെ ആസ്തിയുള്ള സ്ഥാപനത്തിന് ഇങ്ങനെ 300 കോടി വരെ വായ്പ ലഭിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് തന്നെ വ്യാജമായ കേസുകളുമുണ്ട്.

ദുബായിലുള്ള സ്വത്തുക്കള്‍ അവിടെത്തന്നെ വിറ്റഴിച്ചശേഷം, വായ്പയായി ലഭിച്ച തുക ഹവാല വഴി ഇന്ത്യയിലേക്കു കടത്തുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ വഞ്ചിച്ച ഇടപാടുകാര്‍ക്കെതിരെ ബാങ്ക് ചെക്ക് കേസ് നല്‍കുകയും ഇവര്‍ക്കു യാത്രാവിലക്കേര്‍പെടുത്തുകയും ചെയ്തു.

അതേസമയം കേസിലുള്‍പ്പെട്ട മലയാളികളില്‍ നിന്നു പണം തിരിച്ചു പിടിക്കാന്‍ നാഷനല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ മാനേജര്‍മാര്‍ കൊച്ചിയില്‍ എത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ തെളിവുകള്‍ ഹാജരാക്കി. കേസുകളുടെ വിശദ വിവരങ്ങള്‍ പൊലീസിനു നല്‍കിയിട്ടുണ്ട്. എങ്ങനെയും പണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ബാങ്ക് സംഘം കേരളത്തില്‍ എത്തിയിട്ടുള്ളത്.

തട്ടിപ്പു നടത്തിയ 116 മലയാളികളോട് വെള്ളിയാഴ്ച ഒത്തുതീര്‍പ്പിനായി ഹാജരാകാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശിച്ചു. 84 കമ്പനികളുടെ പേരിലായിരുന്നു വായ്പാ തട്ടിപ്പ്. എക്‌സ്ട്രീം ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയാണ് ബാങ്കുകള്‍ക്കായി ഇന്ത്യയിലെ നിയമ നടപടികള്‍ കൈകാര്യം ചെയ്യുന്നത്.

2013-2017 കാലഘട്ടത്തില്‍ ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലെ ബാങ്കുകളില്‍ ആകെ 20,000 കോടിയുടെ വായ്പാത്തട്ടിപ്പ് നടന്നെന്നാണ് യുഎഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വ്യക്തമാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്തിയ തുകയില്‍ ഒരുഭാഗമാണ് കേരളത്തിലേക്കെത്തിയത്.

അതിനിടെ, യുഎഇയില്‍ ബിസിനസ് തുടങ്ങാനെന്ന പേരില്‍ ബാങ്ക് വായ്പകള്‍ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്പനികള്‍കള്‍ക്കെതിരെ കൊച്ചി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.