എമിറേറ്റ്‌സ് എയര്‍ലൈന്‍ ബാഗേജ് പരിധി കുറയ്ക്കുന്നു

single-img
25 January 2019


ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഫെബ്രുവരി 4 മുതല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ബാഗേജ് പരിധി 5 കിലോ കുറയ്ക്കുന്നു. കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് സൗജന്യ ബാഗേജ് പരിധി കുറയുക. ഇക്കണോമി ക്ലാസില്‍ തന്നെ കൂടിയ തുക നല്‍കി ടിക്കറ്റെടുക്കുന്നവര്‍ക്ക് ബാഗേജ് പരിധിയില്‍ മാറ്റമില്ല. 


ഇക്കണോമി ക്ലാസിനെ സ്‌പെഷല്‍, സേവര്‍, ഫ്‌ലക്‌സ്, ഫ്‌ലക്‌സ് പ്ലസ് എന്നിങ്ങനെ നാലു വിഭാഗമാക്കി തിരിച്ചാണ് ബാഗേജ് നിയമം പരിഷ്‌കരിച്ചത്. ഏറ്റവും നിരക്കു കുറഞ്ഞ സ്‌പെഷല്‍ വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഫെബ്രുവരി 4 മുതല്‍ 15 കിലോയാണ് സൗജന്യ ബാഗേജ് പരിധി.


സേവര്‍ വിഭാഗത്തില്‍ 25, ഫ്‌ലക്‌സ് 30, ഫ്‌ലക്‌സ് പ്ലസ് 35 എന്നിങ്ങനെയാണ് ബാഗേജ് പരിധി നിശ്ചയിച്ചിരിക്കുന്നത്. സ്‌പെഷല്‍, സേവര്‍ വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്കാണു ബാഗേജ് പരിധിയില്‍ 5 കിലോയുടെ കുറവുണ്ടാവുക. ഇക്കണോമി ക്ലാസില്‍ തന്നെ കൂടിയ തുക നല്‍കി ടിക്കറ്റെടുക്കുന്ന ഫ്‌ലക്‌സ്, ഫ്‌ലക്‌സ് പ്ലസ് വിഭാഗത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബാഗേജില്‍ മാറ്റമില്ല. 


ഇവര്‍ക്ക് യഥാക്രമം 30, 35 കിലോയായി തുടരും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എയര്‍ലൈന്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിതരണം ചെയ്തു. അതേസമയം, ഫെബ്രുവരി 4ന് മുന്‍പ് ടിക്കറ്റെടുക്കുന്നവര്‍ക്ക് പഴയ നിയമം അനുസരിച്ചുള്ള ബാഗേജ് കൊണ്ടുപോകാം. എന്നാല്‍, അമേരിക്ക, യൂറോപ്പ് സെക്ടറുകളിലേക്കുള്ള ബാഗേജ് പരിധി മാറ്റമില്ലാതെ തുടരും.