രഞ്ജിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി

single-img
25 January 2019

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് കേരളം തോറ്റത്. രണ്ടാം ഇന്നിങ്‌സില്‍ കേരളം 91ന് റണ്‍സിന് പുറത്തായി. രണ്ട് ഇന്നിങ്‌സുകളിലായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തെറിഞ്ഞത്.

സ്‌കോര്‍: കേരളം106&91, വിദര്‍ഭ208. ഒന്നര ദിവസത്തിനിടെ 30 വിക്കറ്റുകള്‍ വീണ അപൂര്‍വ മത്സര ചരിത്രത്തിലേക്ക് കൃഷ്ണഗിരിയിലെ സെമി പോരാട്ടം എത്തിയെന്നതും ശ്രദ്ധേയമാണ്.

102 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ബാറ്റിംഗ് ഓര്‍ഡറില്‍ അടിമുടി പരീക്ഷണങ്ങള്‍ നടത്തുന്ന കോച്ച് ഡേവ് വാട്‌മോര്‍ ഇത്തവണ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ വിട്ടത് അരുണ്‍ കാര്‍ത്തിക്ജലജ് സക്‌സേന സഖ്യത്തെ. അരുണ്‍ അടിച്ചു തകര്‍ത്തതോടെ സ്‌കോര്‍ അതിവേഗം കയറി.

ഓപ്പണിംഗ് സഖ്യം 28 റണ്‍സ് നേടിയാണ് പിരിഞ്ഞത്. ഏഴ് റണ്‍സ് നേടിയ സക്‌സേനയെ വീഴ്ത്തി കൂട്ടുകെട്ട് പിരിച്ചത് ഉമേഷ് യാദവാണ്. പിന്നാലെ എത്തിയ വിഷ്ണു വിനോദും രണ്ടു ബൗണ്ടറികള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും 15 റണ്‍സുമായി മടങ്ങി.

59/1 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നുമാണ് കേരളം 91 റണ്‍സിന് ഓള്‍ഔട്ട് എന്ന നിലയിലേക്ക് എത്തിയത്. അവസാന ഒന്‍പത് വിക്കറ്റുകള്‍ക്കിടെ കേരളം നേടിയത് 32 റണ്‍സ് മാത്രം. 33 പന്തില്‍ അഞ്ച് ഫോറും ഒരു സിസ്‌കും പറത്തി 36 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്കാണ് ടോപ്പ് സ്‌കോറര്‍. സിജോമാനും (17), വിഷ്ണു വിനോദും (15) രണ്ടക്കം കടന്നു.

നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് 208 റണ്‍സില്‍ അവസാനിച്ചിരുന്നു. 171/5 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ വിദര്‍ഭയ്ക്ക് കാര്യമായ ചെറുത്തുനില്‍പ്പ് ഇന്ന് നടത്താനായില്ല. സന്ദീപ് വാര്യര്‍ക്ക് മുന്നില്‍ വാലറ്റം മുട്ടുമടക്കുകയായിരുന്നു. സന്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് നേടിയ ബേസിലും രണ്ടു വിക്കറ്റ് നേടിയ നിധീഷും മികച്ച പിന്തുണ നല്‍കി.