വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങളുണ്ട്: തുറന്ന് പറഞ്ഞ് മാര്‍പാപ്പ

single-img
6 February 2019

ലൈംഗികപീഡനത്തെ കുറിച്ച് പരസ്യപ്രതികരണവുമായി മാര്‍പാപ്പ. യുഎഇയിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പ്പാപ്പ മറുപടി നല്‍കിയത്.

സഭയിലെ എല്ലാവരും ഇതില്‍ പെടുന്നില്ലെന്നും എന്നാല്‍ ചില പുരോഹിതര്‍ ഇത്തരത്തില്‍ പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സഭ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 1990 മുതല്‍ ആഫ്രിക്കയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ലൈംഗികമായി വൈദികര്‍ ചൂഷണം ചെയ്യുന്നത് മാത്രമല്ല ലൈംഗിക അടിമകളാക്കിയ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. തന്റെ മുന്‍ഗാമി ബെനഡിക്ട് മാര്‍പാപ്പ കന്യാസ്ത്രീകളെ വൈദികര്‍ ചൂഷണം ചെയ്ത സംഭവത്തിന്റെ പേരില്‍ ഒരു സഭ ഒന്നാകെ നിര്‍ത്തലാക്കിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഗൗരവകരമായ ഈ വിഷത്തെക്കുറിച്ച് സഭയ്ക്ക് നല്ല ബോധ്യമുണ്ട്. ഇത് തടയാനുള്ള നടപടികള്‍ എടുത്തുവരുകയാണ്. പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ടാകാം. എന്നാല്‍ പുതിയ ചില സഭകളിലും ചില പ്രദേശങ്ങളിലുമാണ് പരാതി വന്നിട്ടുള്ളത്. പല വൈദികരേയും സഭ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഈ പ്രശ്‌നത്തെ വത്തിക്കാന്‍ ഏറെക്കാലമായി അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.