കാസർകോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; നാളെ ഹര്‍ത്താല്‍

single-img
17 February 2019

കാസര്‍കോട്‌ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന  ഇരുവരെയും ഇടവഴിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ജനങ്ങള്‍ സമാധാനമായി ജീവിച്ചിരുന്ന കല്യോട്ട് പ്രദേശത്ത് കഴിഞ്ഞ രണ്ട് മൂന്ന് മാസമായി സിപിഎം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് കാസര്‍കോട് ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നേല്‍ പറഞ്ഞു. 

കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേശിന്‍റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ശരത് ലാലിന്റെ മൃതദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു.