ഹര്‍ത്താല്‍ അറിയാതെ റോഡിലിറങ്ങിയ ജനങ്ങൾ വലഞ്ഞു; ചിലയിടത്ത് സംഘര്‍ഷം; കെഎസ്ആര്‍ടിസി ബസിന് കല്ലേറ്

single-img
18 February 2019

കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് പന്തീര്‍പാടത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു.

കാസര്‍കോട് ജില്ലയില്‍ അക്രമങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹര്‍ത്താലിനെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ വൈകിയതിനാല്‍ അന്തര്‍ സംസ്ഥാന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ചിലയിടങ്ങളില്‍ ബസുകള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്പളങ്ങിയിൽ ഹർത്താൽ അനുകൂലികൾ  ബസുകൾ തടഞ്ഞു. പശ്ചിമ കൊച്ചിയിൽ പൊലീസ് നോക്കി നിൽക്കെ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു. എന്നാല്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. നിലവില്‍ കൊച്ചി നഗരത്തെ ഹര്‍ത്താല്‍ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. 

എന്നാല്‍ കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോൺഗ്രസ്സ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. 

ആറ്റിങ്ങലില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് കടകള്‍ അടപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

ഹര്‍ത്താല്‍ ആഹ്വാനം വൈകിയാണ് എത്തിയതെന്നതിനാല്‍ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കും. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ഹര്‍ജി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, ഫെയ്‌സ്ബുക്കില്‍ കൂടി ഹര്‍ത്താല്‍ ആഹ്വാനം നടത്തി തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.