ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കണമെന്ന് ഒവൈസി

single-img
6 March 2019

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ, ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവാസി ഇന്ത്യക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കിക്കൂടേ?. ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍നിന്നും അവരെ വിലക്കാനാവില്ലേയെന്നും ഒവൈസി ട്വിറ്ററിലൂടെ ആരാഞ്ഞുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നകാര്യം കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാ ഗാന്ധിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 45 പേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.