കോഴ വിവാദത്തില്‍ ബിജെപി ഊരാക്കുടുക്കില്‍

single-img
22 March 2019

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനായി ബി എസ് യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും 1800 കോടി രൂപ നല്‍കിയെന്ന കാരവന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തില്‍. എന്നാല്‍ ഇത് കോണ്‍ഗ്രസ് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തികച്ചും അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടാണെന്നും ബി.ജെ.പി നേതാവ് അശോക് താക്കൂര്‍ പറഞ്ഞു.

ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമാണ്. യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു.

യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയതായാണ് കാരവന്‍ ന്യൂസ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തത്. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും മാഗസിന്‍ പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും കാരവന്‍ മാഗസിന്‍ പുറത്തുവിട്ട തെളിവുകളില്‍ പറയുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കിയതായും ഡയറിയിലുണ്ട്. എന്നാല്‍ ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരുകള്‍ ഇവയിലില്ല. 2009ലേതാണ് ഈ ഡയറിക്കുറിപ്പുകള്‍. കന്നഡയില്‍ യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരത്തിലാണ് ഡയറിക്കുറിപ്പുകളെന്ന് കാരവന്‍ മാഗസിന്‍ പറയുന്നു.

2009 ജനുവരി 17,18 തിയ്യതികളിലേതാണ് ഈ ഡയറിക്കുറിപ്പുകള്‍. ജനുവരി 17 ലെ ഡയറിക്കുറിപ്പുകളിലാണ് ജഡ്ജിമാര്‍ക്ക് പണം നല്‍കിയതിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ജനുവരി 18 ലെ കുറിപ്പുകളില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പണം നല്‍കിയതിനെക്കുറിച്ചും പറയുന്നു. ഈ ഡയറിക്കുറിപ്പുകള്‍ 2017ല്‍ ആണ് ആദായനികുതി വകുപ്പ് കണ്ടെത്തുന്നത്. അതിന് ശേഷം രണ്ട് വര്‍ഷം ഇത് ആദായ നികുതി വകുപ്പിന്റെ കൈവശമായിരുന്നു.

ഡയറിയുടെ പകര്‍പ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഡയറിക്കുറിപ്പുകളില്‍ യെദ്യൂരപ്പയുടെ കൈയൊപ്പ് വ്യക്തമാണ്. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. ലോക്പാല്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നിലവിലുള്ള രാജ്യമാണിത്. ലോക്പാലിലെ ആദ്യ കേസായി ഇത് പരിഗണിക്കണം. ‘കാവല്‍ക്കാരന്‍’ ഇതിന് മറുപടി പറയണമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.