‘മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവെച്ചു’

single-img
16 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കോണ്‍ഗ്രസ്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ ഭൂമിയുണ്ടെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ അതിന് പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.

2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും ഇതേ ഭൂമി പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടും സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹരജിയുമാണ് കോണ്‍ഗ്രസ് ആരോപണത്തിന് ആധാരം.

സാകേത് ഗോഖലെ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 2007ല്‍ മോദി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍, സെക്ടര്‍ ഒന്നിലെ പ്ലോട്ട് 411 തന്റെ ഉടമസ്ഥതയില്‍ വസ്തുവാണെന്ന് കാണിച്ചിരുന്നു.

എന്നാല്‍ 2012ലും, 2014ലും സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ ഇക്കാര്യം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്ന് ക്യാരവാന്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായ ശേഷം, തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രസ്താവങ്ങളിലും മോദി ഇക്കാര്യം മറച്ചുവെന്നും ഗോഖലെ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ നല്‍കുന്ന വിവരങ്ങള്‍ ഓരോ വര്‍ഷവും പുതുക്കുന്നതുമാണ്. എന്നാല്‍ സ്ഥലത്തിന്റെ പ്രമാണവും മറ്റ് രേഖകളും പരിശോധിക്കുമ്പോള്‍ മോദി തന്നെയാണ് ഈ സ്ഥലത്തിന്റെ ഉടമ എന്നും വ്യക്തമാകുന്നുണ്ട്. സാകേത് ഗോഖലെ ഹര്‍ജിയില്‍ പറയുന്നു.

2012 മുതലുള്ള സത്യവാങ്മൂലങ്ങളില്‍, ഗാന്ധിനഗറിലുള്ള പ്ലോട്ട് 401/എ എന്ന പേരിലുള്ള ഭൂമിയുടെ നാലിലൊന്ന് ഭാഗം തന്റെ ഉടമസ്ഥതയിലാണെന്നും മോദി പറയുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സ്ഥലം ഗാന്ധിനഗറില്‍ ഇല്ലെന്നാണ് ഗുജറാത്ത് റവന്യു വകുപ്പില്‍ നിന്നുമുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്- ഗോഖലെ തന്റെ ഹര്‍ജിയിലൂടെ പറയുന്നുണ്ട്.

എന്നാല്‍, ഇതേ സ്ഥലത്തിന്റെ കാര്യം കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്‌ലിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പരാമര്‍ശിക്കുന്നുണ്ട്. 2006ല്‍ ജെയിറ്റ്‌ലി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ താന്‍ മാത്രമാണ് ഗാന്ധിനഗറില്‍ സെക്ടര്‍ ഒന്നിലുള്ള പ്ലോട്ട് 401ന്റെ ഉടമ എന്നാണ് കാണിച്ചിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യം പിന്നീടുള്ള സത്യവാങ്മൂലങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുമില്ല. ഈ ഭൂമി തനിക്ക് ലഭിച്ചത് ഒരു തഹസില്‍ദാര്‍ വഴിയാണ് എന്നാണ് അരുണ്‍ ജെയിറ്റ്‌ലി തന്റെ ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുള്ളത്. ലഭിച്ച വിവരമനുസരിച്ച് അരുണ്‍ ജെയിറ്റ്‌ലി തന്നെയാണ് സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമ.

ഈ തെരഞ്ഞെടുപ്പിൽ ഈ മാസം 26നാണ് നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക നൽകുന്നത്. ഇതിനോടൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ ഭൂമിയുടെ കാര്യത്തിൽ നൽകുന്ന വിവരം എന്തായിരിക്കും എന്നത് പുതിയ വിവാദത്തിൽ നിർണ്ണായകം ആയിരിക്കും.