ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: സുരേഷ് ഗോപിക്കെതിരെ ലക്ഷ്മി രാജീവ്
തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മങ്ങളും കണ്ണ് തുറക്കാതെ നടത്തിയെന്നും അമ്പലത്തില്‍ എത്തി തിരുവാമ്പാടി കൃഷ്ണനെ കാണുന്നതു വരെ താന്‍ കണ്ണ് തുറന്നില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്തെത്തി.
തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലക്ഷ്മി രാജീവ് പ്രതികരിച്ചത്. കണ്ണ് തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും വീണ് തല പൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് ഫെയ്സ് ബുക്കില്‍ കുറിച്ചു. സുരേഷ് ഗോപിയുടെ പ്രസ്താവനയെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ലക്ഷ്മി രാജീവിന്റെ പോസ്റ്റ്:
കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ. കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷമായി വീട്ടില്‍ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാന്‍ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും, സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും, സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണര്‍ന്നു മറ്റുള്ളവര്‍ക്ക് കാണാന്‍ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആള് ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകള്‍ ആയിരിക്കുമെന്നും ഉറപ്പാണ്.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
‘ഏത് സിനിമാ തിരക്കിലായാലും ഞാന്‍ വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയെണീറ്റ് കണി കാണും. ഇത് വീട്ടിലില്ലാത്ത ആദ്യ വിഷുവാണ്…’ ഇന്ന് കണ്ണുതുറന്ന് ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നല്‍ ഉണ്ടായിരുന്നു.
വീട്ടിലായിരുന്നെങ്കില്‍ ഞങ്ങള്‍ കണിയൊരുക്കും. പ്രചാരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഹോട്ടലിലാണ് താമസിക്കുന്നത്. രാവിലെ ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും ഹോട്ടലില്‍ നിന്ന് അമ്പലത്തില്‍ എത്തുംവരെ താന്‍ കണ്ണുതുറന്നില്ല. കേരളത്തിനുവേണ്ടി തന്റെ ‘ഹൃദയക്കണ്ണ്’ സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.