ഉത്തരക്കടലാസ് തിരുത്തിയ സംഭവം വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്: വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്

single-img
15 May 2019

കോഴിക്കോട്: മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസുകൾ തിരുത്തിയതിനെ തുടര്‍ന്ന് തടഞ്ഞ് വച്ച ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കുട്ടിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഉത്തരപ്പേപ്പറിൽ അധ്യാപകന്‍ തിരുത്തി എഴുതിയ ഭാഗത്തിന്‍റെ മാര്‍ക്ക് വെട്ടിക്കുറച്ചാണ് ഫലം പുറത്ത് വിട്ടത്. എന്‍സിസിക്ക് ഉള്ള ഗ്രേഡ് മാര്‍ക്ക് കൂടി ചേര്‍പ്പോഴാണ് കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ആയത്.

വ്യാപക ക്രമക്കേട്

അതേ സമയം, ഉത്തരപേപ്പര്‍ തിരുത്തിയ സംഭവത്തില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ടാണ് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചത്.

സംഭവത്തില്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് ശരിവെക്കുന്ന പല രേഖകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നീലേശ്വരം സ്‌കൂളില്‍ പോലീസ് നടത്തിയ തെളിവെടുപ്പിനിടയിലും പരിശോധനിയിലുമാണ് രേഖകള്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥികള്‍ക്ക് കാണിച്ച് കൊടുത്ത ഇംഗ്ലീഷ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വിദ്യാര്‍ഥി തിരിച്ചറിഞ്ഞിരുന്നു. വിദ്യാര്‍ഥി എഴുതിയെന്ന് പറയുന്ന പേപ്പര്‍ കണ്ടെത്തിയിരുന്നുമില്ല. അധ്യാപകന്‍ വിദ്യാര്‍ഥികളുടെ അറിവോടെയല്ല പരീക്ഷ എഴുതിയത് എന്നതിന് നിര്‍ണായക തെളിവായി മാറും ആ ഉത്തരക്കടലാസുകള്‍. ഇത് കണ്ടെത്തണമെങ്കില്‍ അധ്യാപകന്റെ അറസ്റ്റിലൂടെ മാത്രമേ സാധിക്കൂ.

പരീക്ഷ വീണ്ടും എഴുതാമെന്ന് വിദ്യാർത്ഥികൾ

അതേസമയം, മുക്കം നീലേശ്വരം സ്കൂളിലെ തിരുത്തിയെന്ന് കണ്ടെത്തിയതിന്റെ പേരിൽ റിസൽട്ട് തടഞ്ഞുവയ്ക്കപ്പെട്ട കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. അധ്യാപകൻ പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്.

പരീക്ഷ വീണ്ടും എഴുതണമെന്ന നിർദേശം നേരത്തെ വിദ്യാർത്ഥികളും അധ്യാപകരും തള്ളിയിരുന്നു. ഈ നിലപാട് മാറ്റിയാണ് ഇപ്പോൾ വീണ്ടും പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ‌ തയ്യാറാവുന്നത്. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാനായിരുന്നു നിർദേശം. ഇത് അംഗീകരിച്ച കുട്ടികൾ വീണ്ടും പരീക്ഷ എഴുതാൻ അപേക്ഷയും നൽകിയിട്ടുണ്ട്.

ജാമ്യത്തിനായി അധ്യാപകൻ

പരീക്ഷ ആൾമാറാട്ട കേസിൽ പ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അഡ്വക്കറ്റ് എം അശോകന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാർത്ഥികൾക്ക് പകരം താൻ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകൻ ജാമ്യാപേക്ഷയിൽ പറയുന്നത്. ഉത്തരക്കടലാസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിന് പരീക്ഷാ ചുമതലയുള്ള പ്രിൻസിപ്പലടക്കമുള്ളവർക്ക് മാത്രമാണ് ഉത്തരവാദിത്വമെന്ന് നിഷാദിന്‍റെ ജാമ്യാപേക്ഷയിലുണ്ട്.

എന്നാൽ ഇതിന് വിരുദ്ധമായി കുറ്റം പൂർണ്ണമായി അംഗീകരിക്കുന്ന മൊഴിയാണ് നേരത്തെ അധ്യാപകൻ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം നൽകിയത്. മറ്റ് രണ്ട് പ്രതികളും ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും.