കല്ലട കേസ് അട്ടിമറിക്കാന്‍ നീക്കം; പ്രതികള്‍ക്ക് ജാമ്യം

single-img
19 May 2019

കല്ലട ബസിലെ യാത്രക്കാരെ മർദിച്ച കേസിലെ പ്രതികൾക്ക് കോടതി ജാമ്യം നൽകി. തിരിച്ചറിയൽ പരേഡിനു മുൻപേയാണ് സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കേണ്ടതെന്നു മനസ്സിലാക്കിയതോടെ അതിനുശേഷം മാത്രം പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ മതിയെന്ന് മജിസ്ട്രേട്ടിനു രേഖാമൂലം നിർദേശം നൽകി.

എന്നാൽ ഉത്തരവ് വന്നയുടൻ ജാമ്യത്തുക കെട്ടിവച്ച് മൂന്നാംപ്രതി പുറത്തിറങ്ങിപ്പോയി. മറ്റ് പ്രതികളും തയ്യാറെടുക്കുമ്പോൾ ജാമ്യം അനുവദിച്ച അതേ കോടതി തന്നെ ഇടപെട്ട് തിരിച്ചറിയൽ പരേഡ് വരെ പ്രതികളെ പുറത്തുവിടുന്നത് വിലക്കി. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണസംഘം.

കേസിലെ പ്രതികളായ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ്, കൊല്ലം സ്വദേശി രാജേഷ്, പോണ്ടിച്ചേരി മാവട്ടം സ്വദേശി എ. അൻവറുദ്ദീൻ, കൊല്ലം സ്വദേശി ഗിരിലാൽ അപ്പുക്കുട്ടൻ, ആലപ്പുഴ സ്വദേശി ആർ. വിഷ്ണുരാജ്, തിരുച്ചിറപ്പള്ളി സ്വദേശി ഡി. കുമാർ എന്നിവരാണ് കേസിൽ ജാമ്യം ലഭിച്ച മറ്റു പ്രതികൾ. ഏപ്രിൽ 21-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

നിസാര വാക്കുതർക്കത്തിന്റെ പേരിൽ സ്വന്തം ബസിലെ യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിച്ച സുരേഷ് കല്ലട ജീവനക്കാരുടെ ഈ കയ്യൂക്കിനെതിരെ നാടുമുഴുവൻ പ്രതികരിച്ചതാണ്. അങ്ങനെ ഏഴുപേരുടെ അറസ്റ്റ് നടന്നു, കാര്യക്ഷമമായ നടപടിയെന്ന പ്രതീതിയും ഉണ്ടായി. അതേസമയം കേസ് അട്ടിമറിച്ച് പ്രതികളെ സഹായിക്കാനും പിന്നാലെ നീക്കം തുടങ്ങിയിരുന്നു.