കൊച്ചിയില്‍ വന്‍ തീപിടിത്തം; കടകള്‍ കത്തി നശിച്ചു; നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്

single-img
27 May 2019

എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. പരിസരത്ത് കനത്തപുക. രാവിലെ പത്ത് മണിയോടെ ആണ് മാര്‍ക്കറ്റ് റോഡിലെ ക്ലോത്ത് ബസാറിലെ ഭദ്ര ടെക്‌സ്‌റ്റൈല്‍സ്, കെസി ടെയ്‌ലേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമായി അഗ്‌നിബാധയാരംഭിച്ചത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട് വൈകാതെ തന്നെ ഭദ്ര ടെക്‌സ്‌റ്റൈല്‍സ് എന്ന മൂന്ന് നില കെട്ടിട്ടം തീയില്‍ അമര്‍ന്നു.

സംഭവം അറിഞ്ഞ ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. കടകളില്‍ നിന്നും തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുകള്‍ ഇവര്‍ ചേര്‍ന്ന് പുറത്തേക്ക് മാറ്റി.

അഗ്‌നിബാധയില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഭദ്രടെക്‌സറ്റൈല്‍സ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പ്രദേശത്തെ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. മൊത്തക്കച്ചവടത്തിനായി വന്‍തോതില്‍ തുണിത്തരങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ വളരെ വേഗതയിലാണ് ഇവിടെ തീപടര്‍ന്നത്. കട പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിട്ടം പൂര്‍ണമായും കത്തിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൊച്ചി നഗരത്തിന്റെ ഏത് ഭാഗത്ത് നിന്നും നോക്കിയാലും ബ്രോഡ് വേയില്‍ നിന്നുള്ള പുക കാണുന്ന വിധം ശക്തമായ അഗ്‌നിബാധയാണ് ബ്രോഡ് വേയില്‍ ഉണ്ടായിരിക്കുന്നത്.

അടുത്ത ആഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കുന്നതിനാലും ഇന്ന് തിങ്കളാഴ്ച ആയതിനാലും നല്ല തിരക്കാണ് ബ്രോഡ് വേയില്‍ അനുഭപ്പെട്ടിരുന്നത്. അഗ്‌നി ബാധയുണ്ടയതോടെ ബ്രോഡ് വേയിലുണ്ടായിരുന്ന പൊതുജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. മേനകാ ജംഗക്ഷനിലടക്കം ബ്രോഡ് വേയുടെ പരിസര പ്രദേശങ്ങളിലും കൊച്ചി നഗരത്തിലും ഇപ്പോള്‍ കനത്ത ട്രാഫിക്ക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്.