നിയമസഭയില്‍ കെഎം മാണി ഇരുന്നിരുന്ന മുന്‍നിര സീറ്റ് പിജെ ജോസഫിന് നല്‍കി; വിവാദം, അടി

single-img
27 May 2019

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന് നിയമസഭയില്‍ മുന്‍നിരയില്‍ സീറ്റ് നല്‍കി സ്പീക്കര്‍. ജൂണ്‍ ഒന്‍പതിന് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് പി ജെ ജോസഫിന് മുന്‍നിരയില്‍ സീറ്റ് നല്‍കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്. കെ എം മാണിയുടെ സീറ്റാണ് ജോസഫിന് നല്‍കിയത്.

അതേസമയം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലി പോര് മുറുകുന്നതിനിടെ സ്പീക്കര്‍ക്ക് നല്‍കിയ കത്തുകളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. പാര്‍ട്ടിയുടെ ബൈലോ അനുസരിച്ച് ചെയര്‍മാന്‍ മരണപ്പെട്ടാല്‍ ഡെപ്യൂട്ടി ചെയര്‍മാനെ കക്ഷി നേതാവായി അംഗീകരിക്കണം.

ആ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പാടില്ലെന്നും, പാര്‍ട്ടി കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗവും സ്പീക്കറെ സമീപിച്ചു. എന്നാല്‍ സീറ്റ് ഒഴിച്ചിടാനാകാത്തതിനാല്‍ ജോസഫിന് തന്നെ സീറ്റ് നല്‍കുകയായിരുന്നു.

പാര്‍ട്ടിയില്‍ സീനിയര്‍ താനെന്ന് പി.ജെ ജോസഫ് ഓര്‍മ്മപെടുത്തി. മാണി പറഞ്ഞിട്ടാണ് താന്‍ ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നത്. വരുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം താന്‍ അവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീനിയറായ തനിക്ക് ചെയര്‍മ്മാനും, വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും നല്‍കാമെന്ന് മാണിസാര്‍ പറഞ്ഞു.

കെ.എം മാണി പറഞ്ഞിട്ടാണ് താന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആയതെന്നും പി ജെ സോസഫ് പറഞ്ഞു. മോന്‍സ് കെ ജോസഫ് ഇന്നലെ കത്ത് നല്‍കിയത് പാര്‍ട്ടിയുമായി ആലോചിക്കാതെയാണെന്ന് ജോസ് കെ മാണിയും, റോഷി ആഗസ്റ്റിനും ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.