സ്വര്‍ണവില ബജറ്റിന് ശേഷം മാറിമറിഞ്ഞു

single-img
6 July 2019


സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് താഴ്ന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് 2.5 ശതമാനം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന്റെ വില കുതിച്ചു കയറിയിരുന്നു.

വെള്ളിയാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ബജറ്റിലെ പ്രഖ്യാപനം വന്നത്. ഇതോടെ ഉച്ചകഴിഞ്ഞ് പവന് 480 രൂപ വര്‍ധിച്ച് 25,680 എന്ന ആഭ്യന്തര വിപണിയിലെ സര്‍വകാല റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.

25,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരുവ 12.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ കള്ളക്കടത്ത് വര്‍ധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ ആശങ്ക.

ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,399.15 ഡോളറാണ് ഇന്നത്തെ നിരക്ക്. 18.55 ഡോളറിന്റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.