കര്‍ണാടക ആന്റി ക്ലൈമാക്‌സിലേക്ക്: വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

single-img
15 July 2019

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജനതാദള്‍(എസ്) സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. വ്യാഴാഴ്ച 11മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ കെആര്‍ രമേശ് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.

ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകും. എല്ലാ സഭാ നടപടികളും നിര്‍ത്തിവെച്ച് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് യോഗത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സ്പീക്കര്‍ സ്വീകരിച്ചില്ല.

ഇതോടെ രണ്ടു ദിവസം കൂടി കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാറിന് സമയം ലഭിച്ചിരിക്കുകയാണ്. വിമതര്‍ തങ്ങുന്ന മുംബൈയിലെ റിസോര്‍ട്ടിലേക്ക് പോകാതെ മൂന്ന് വിമതര്‍ ഇപ്പോഴും കര്‍ണാടകയിലുണ്ട്. റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, രാമലിംഗ റെഡ്ഡി എന്നിവരാണിവര്‍.

ഇവരെ ഏതുവിധേനെയും തിരിച്ചെത്തിക്കാന്‍ സഖ്യ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വിശ്വാസവോട്ടിന് മുമ്പായി പരമാവധി വിമത എം.എല്‍.എമാരെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ തീവ്ര ശ്രമം നടത്തുന്നത്. തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരുന്ന എം.ടി.ബി നാഗരാജും കെ. സുധാകറും വീണ്ടും കാലുമാറിയത് സഖ്യ സര്‍ക്കാറിന് തിരിച്ചടിയാണ്.

എന്നാല്‍, തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നേതാക്കളെ ആരെയും കാണാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചിരിക്കുകയാണ് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍. ഗുലാം നബി ആസാദ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമതന്‍മാരെ കണ്ട് അനുനയിപ്പിക്കാന്‍ മുംബൈയിലേക്ക് വിമാനം കയറാനിരിക്കെയാണിത്. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ മുംബൈ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം, കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എം.എല്‍.എമാരും, എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കറും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച വരെ വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കുകയോ അയോഗ്യരാക്കുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.