യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: ആറ് പ്രതികളെ പുറത്താക്കി; ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം സര്‍വകലാശാല അന്വേഷിക്കും

single-img
15 July 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യപ്രതികളായ ശിവരഞ്ജിത്, നസീം എന്നിവര്‍ ഉള്‍പ്പടെ ആറ് പ്രതികളെയാണ് കോളേജ് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ കേരള യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയത് സംബന്ധിച്ച് യൂണിവേഴ്‌സിറ്റി അന്വേഷണം നടത്തും. പ്രൊ വൈസ് ചാന്‍സലര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും വൈസ് ചാന്‍സലര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

ഓരോ സെന്ററുകള്‍ക്കും മുന്‍കൂട്ടി എത്ര പരീക്ഷ പേപ്പറുകള്‍ നല്‍കി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നല്‍കിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. ഞായറാഴ്ച ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പരീക്ഷ എഴുതുന്ന ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. കൂടാതെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.

പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വേണ്ടിയാകാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. നാല് കെട്ട് ഉത്തരപേപ്പറുകളാണ് കണ്ടെത്തിയത്. ഒരു കെട്ടില്‍ 12 ആന്‍സര്‍ ഷീറ്റുകളാണുള്ളത്. എന്തിനുവേണ്ടിയാണെന്നോ എവിടെനിന്നാണെന്നോ ഇത് കിട്ടിയതെന്ന് വ്യക്തമല്ല. കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.