18 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു: സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ചിട്ട കോളേജ് തുറന്നു

single-img
22 July 2019

18 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമര പന്തലില്‍ വെച്ചാണ് യൂണിറ്റ് രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടന്നത്.

അമല്‍ ചന്ദ്ര പ്രസിഡന്റും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റുമാണ്. ഏഴംഗ കമ്മറ്റിയില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്. കോളേജില്‍ സമാധാനപൂര്‍വം പ്രവര്‍ത്തനം നടത്തുമെന്നും ശക്തവും ആരോഗ്യകരവുമായ സംഘടനാ പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് തീരുമാനമെന്നും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി ചുമതലയേറ്റ അമല്‍ ചന്ദ്ര പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളേജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത്
കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.

അതേസമയം, എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളജ് അധ്യയനത്തിനായി തുറന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.