അമ്പൂരി കൊലപാതക കേസില്‍ വഴിത്തിരിവ്

single-img
27 July 2019

അമ്പൂരി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മുഖ്യപ്രതി അഖിലിന്റെ അച്ഛന്‍ മണിയനും കൊലപാതകത്തില്‍ പങ്കുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാന്‍ അച്ഛനും പങ്കുചേര്‍ന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്നു മറുപടി നല്‍കിയതായും പ്രദേശവാസികള്‍ മൊഴി നല്‍കി. കൃഷി പണി നടക്കുന്ന സ്ഥലം ആയതിനാല്‍ സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കേസിന്റെ ആദ്യഘട്ടം മുതല്‍ മണിയന്റെ ഇടപെടല്‍ സംശയത്തിന് ഇടയാക്കിയിരുന്നു. പൊലീസിനെ മനപൂര്‍വ്വം വഴിതെറ്റിക്കാന്‍ മണിയന്‍ ശ്രമിക്കുന്നതായി സംശയം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യപ്രതിയുടെ സഹോദരന്‍ രാഹുല്‍ കീഴടങ്ങിയെന്നു മാധ്യമങ്ങളോട് മണിയന്‍ പറഞ്ഞുവെങ്കിലും പൊലീസ് അത് തിരുത്തിയിരുന്നു.

അതിനിടെ, കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പോലീസ് അറസ്റ്റു ചെയ്തത്. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന്റെ സഹോദരനാണ് രാഹുല്‍.

രാഖിയെ കൊലപ്പെടുത്തിയത് താനാണെന്ന് രാഹുല്‍ പൊലീസിനോട് സമ്മതിച്ചു. ഈ സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അഖിലായിരുന്നു. കൈകള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് രാഖിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കാറില്‍ നിന്ന് പുറത്തെടുത്ത് കയറുപയോഗിച്ച് മരണം ഉറപ്പ് വരുത്തി. നേരത്തെ ആസൂത്രണം ചെയ്ത കൊലപാതകത്തെ കുറിച്ച് മൂന്നാം പ്രതി ആദര്‍ശിന് അറിവുണ്ടായിരുന്നില്ല. എന്നാല്‍, കൊലപാതകത്തിന് ശേഷം ആദര്‍ശ് എല്ലാത്തിനും കൂട്ടു നിന്നുവെന്ന് രാഹുല്‍ പൊലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇതിനിടെ കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛന്‍ പറയുന്നത്.

രാഖിയും അഖിലും ഫ്രെബുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരന്‍മാരുടെ അയല്‍ക്കാരനുമായ ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖില്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. രാഖിയുടെ മൃതദേഹത്തില്‍ നിന്നും താലിയും കണ്ടെത്തി.

ഈ വിവരമടക്കം നേരത്തേ അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചു.

കഴിഞ്ഞ മാസം 21ന് വൈകുന്നേരം രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചിയില്‍ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ അഖില്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറില്‍ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസ് നിഗമനം. ദൃശ്യങ്ങള്‍ രാഖിയുടേതാണെന്ന് അച്ഛന്‍ രാജന്‍ തിരിച്ചറിഞ്ഞു.

പൊലീസിനെയും രാഖിയുടെ വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികളായ അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്ന് കൃത്രിമ തെളിവുകളുണ്ടാക്കിയെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട രാഖിയുടെ സിംകാര്‍ഡ് മറ്റൊരു ഫോണിലിട്ട് അഖിലിന്റെ ഫോണിലേക്ക് ഒരു സന്ദേശമയച്ചു. ചെന്നൈയിലുള്ള ഒരു സുഹൃത്തുമായി അടുപ്പത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ നാടുവിടുകയാണെന്നുമാണ് സന്ദേശം.

അടുത്ത ദിവസം രാഖിയുടെ സിംകാര്‍ഡ് ഉപയോഗിച്ച് ശാസ്തമംഗലത്തുനിന്നും രാഹുല്‍ അഖിലിനെ വിളിച്ചു. തൊട്ടുപിന്നാലെ രാഖിയുടെ ബന്ധുവിനെ വിളിച്ചുവെങ്കിലും സംസാരിച്ചില്ല. രാഖി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു നീക്കം. മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയിലേക്ക് പൊലീസ് എത്തിയതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍പോയി.

പ്രതികള്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ച നിലയിലാണ്. തൃപ്പരപ്പിലുള്ള ഒരു സുഹൃത്തിന്റെ കാറിലാണ് നെയ്യാറ്റിന്‍കരയില്‍ നിന്നും അഖില്‍ യുവതിയെ നിര്‍മ്മാണം നടക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയപ്പോള്‍ കാറിനുള്ളില്‍ സഹോദരന്‍ രാഹുലും കയറി. മറ്റൊരു വിവാഹം അനുവദിക്കില്ലെന്ന് രാഖി പറഞ്ഞതോടെ കാറിനുള്ളില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊന്നു. പ്രതികള്‍ ചേര്‍ന്ന് കാര്‍ ഒന്നിലധികം പ്രാവശ്യം കഴുകുന്നത് നാട്ടുകാര്‍ കണ്ടിട്ടുണ്ട്.