കര്‍’നാടകം’ തുടരുന്നു; ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് ജെഡിഎസിലെ ഒരു വിഭാഗം

single-img
27 July 2019

കര്‍ണാടക നിയമസഭയില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ജെ.ഡി.എസിലെ ഒരു വിഭാഗം എം.എല്‍.എമാര്‍. വെള്ളിയാഴ്ച രാത്രി എച്ച്.ഡി. കുമാരസ്വാമി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നതെന്ന് പാര്‍ട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ ജി.ടി. ദേവഗൗഡ പറഞ്ഞു.

സഖ്യസര്‍ക്കാറിന് ഭരണം നഷ്ടമായ സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ ആലോചിക്കാനാണ് വെള്ളിയാഴ്ച യോഗം ചേര്‍ന്നത്. കോണ്‍ഗ്രസിനൊപ്പം തുടരണമോയെന്ന കാര്യത്തില്‍ ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമാണുള്ളത്.

പ്രതിപക്ഷത്തിരിക്കണമെന്ന് ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടപ്പോള്‍ ബിജെപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന ആവശ്യവുമായി കുറച്ച് എംഎല്‍എമാര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ തങ്ങള്‍ കുമാരസ്വാമിയെ അധികാരപ്പെടുത്തിയെന്നും ദേവഗൗഡ പറഞ്ഞു.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷിതമായ ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പക്ക് വെല്ലുവിളികളേറെയാണ്.

ജെഡിഎസ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ മനസ്സ് മാറിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇതിനിടയിലാണ് സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് ജെഡിഎസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.