രാജ്യം ആരുടെയും സ്വന്തമല്ല, എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ട്; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

single-img
22 December 2019

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ശിവസേന. ഈ രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ടെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് ബിജെപി ഹിന്ദു-മുസ്‌ലിം വിഭജനമുണ്ടാക്കാന്‍ നോക്കുകയാണെന്നായിരുന്നു അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നത്. സോഷ്യൽ മീഡിയയായ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജ്യത്ത് നിന്നും നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. അതേപോലെ കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, അതേപോലെ തന്നെ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം. അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?ഭരണ ഘടനയിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും കശ്മീരിലേക്ക് പോയിട്ടുണ്ടോ?’, അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററില്‍ ചോദിച്ചിരുന്നു.