വിവേചനമില്ലാത്ത രാജ്യത്തേക്ക് നാടുകടത്തി തരൂ; രാഷ്ട്രപതിക്ക് ഉനാ അതിക്രമം നേരിട്ട ദളിത് യുവാക്കളുടെ അപേക്ഷ

single-img
13 January 2020

ഉനയില്‍ പശുവിന്റെ തൊലിയുരിച്ചതിന് സവര്‍ണരുടെ ആക്രമണത്തിന് ഇരയായ സംഭവം ഇന്ത്യന്‍ ദളിത് രാഷ്ട്രീയത്തിന് പുതിയ ദിശ പകര്‍ന്ന സംഭവമാണ്. ഏഴ് യുവാക്കള്‍ക്കും പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരവധി വാഗ്ദാനങ്ങളും ആനന്ദിബെനിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നീതി ലഭിച്ചിട്ടില്ലെന്നും തങ്ങളെ ഈ നാട്ടിലെ പൗരന്മാരായി ആരും കാണുന്നില്ലെന്നും അതുകൊണ്ട് വിവേചനമില്ലാത്ത രാജ്യത്തേക്ക് നാടുകടത്തി തരണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഈ യുവാക്കള്‍.

ഏഴ് പേര്‍ക്കാണ് അന്ന് ഉനയില്‍ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഇവരില്‍ വശ്രം സര്‍വയ്യ എന്ന യുവാവാണ് തന്റെ സഹോദരങ്ങളെയും തന്നെയും പൗരത്വം റദ്ദാക്കി നാടുകടത്തിതരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉന സംഭവത്തിന് ശേഷം തങ്ങളുടെ പശുവിന്റെ തോലുരിക്കുന്ന കുലത്തൊഴില്‍ ഇല്ലാതായി. ആരും തങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ല. നീതിയും ലഭിച്ചില്ല. വിവേചനം നേരിടുകയും മൗലിക അവകാശങ്ങള്‍ ലഭിക്കുകയും ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം കാണാന്‍ രാഷ്ട്രപതിക്ക് സാധിച്ചില്ലെങ്കില്‍ തനിക്കും സഹോദരങ്ങള്‍ക്കും ദയാവധമെങ്കിലും അനുവദിക്കാന്‍ രാഷ്ട്രപതി തയ്യാറാകണം. അല്ലാത്തപക്ഷം രാജ്ഭവന്റെ മുമ്പില്‍ ആത്മഹൂതി നടത്തുമെന്നും വശ്രം സര്‍വയ്യ പറഞ്ഞു.